Wednesday, September 7, 2022

നാഷണൽ പാനാസോണിക്കിൻ്റെ കഥ.


 
നാഷണൽ പാനാസോണിക്കിൻ്റെ കഥ.
വെറും നാഷണൽ, വെറും പാനാസോണിക്, ഇതു രണ്ടും കൂടിയ നാഷണൽ പാനാസോണിക് എന്നിങ്ങനെ വിവിധ പേരുകളിൽ ജാപ്പാനീസ് ബ്രാൻഡുകളുടെ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ വിപണിയിൽ കണ്ടു വരാറുണ്ടല്ലോ. നമ്മളെയെല്ലാം ആശയക്കുഴപ്പത്തിലാക്കുന്ന ഒരു സംഗതിയാണ് ഈ പേരുകൾ.
ഇവയെല്ലാം വേറേ വേറേ കമ്പനികളാണെന്ന് കരുതുന്നു ചിലർ, മറ്റു ചിലർ കരുതുന്നു ഇവയെല്ലാം നാഷണൽ കമ്പനിയുടെ മറ്റ് പേരുകളാണെന്ന് … എന്നാൽ എല്ലാവരും അംഗീകരിക്കുന്ന പൊതുവായ കാര്യമുണ്ട് ഈ പേരുകൾ ഏത് ഉൽപ്പന്നത്തിൻ്റെ നെറ്റിയിൽ കണ്ടാലും അവ വിശ്വസിച്ച് വാങ്ങാം.!
1894 നവംബർ 27 ന് ജപ്പാനിലെ ഒരു ഉൾനാടൻ പ്രദേശമായ വക്കായാമ എന്ന ഗ്രാമത്തിലെ മത് സുഷിത തറവാട്ടിൽ, ആ ഗ്രാമത്തിലെ ഒരു സമ്പന്ന കർഷകനായ മസാകുസു മത് സുഷിതയുടെ 8 മക്കളിൽ ഏറ്റവും ഇളയവനായി ഒരു ആൺ കുഞ്ഞ് പിറന്നു.
ധനിക കർഷകനായിരുന്നെങ്കിലും കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവ് മൂലം സാമ്പത്തികമായി ആകെ തകർന്നിരുന്ന മസാകുസു തൻ്റെ ഈ നവജാത പുത്രൻ ഭാഗ്യം കൊണ്ടുവരുമെന്ന ശുഭപ്രതീക്ഷയിൽ കോണോസുക്കേ എന്ന പേരിട്ടു. നല്ലതു സംഭവിക്കട്ടെ ( good luck) എന്നാണ് ഈ ജപ്പാനീസ് വാക്കിന്നർത്ഥം… എന്നാൽ പ്രതീക്ഷകൾ അസ്ഥാനത്തായി, കടബാദ്ധ്യകൾ മൂലം ആകെ തകർന്ന മസാ കുസുവിൻ്റെ വീടും, കന്നുകാലികളുമെല്ലാം പലിശക്കാർ കയ്യേറി അവരെ വീട്ടിൽ നിന്നും ഇറക്കിവിട്ടു. കോണോ സൂക്കേയുടെ ആറാം വയസിലാണ് ഈ സംഭവം നടന്നത് .തിരിച്ചറിവില്ലാത്ത പ്രായമായിരുന്നെങ്കിലും ഇത് കോണോ സുക്കേയുടെ മനസിനെ വല്ലാതെ വേദനിപ്പിച്ചു.
ഒസാക്ക നഗരത്തിലെ വെറും 3 മുറികളുള്ള ഒരു വാടക വീട്ടിലേക്ക് താമസം മാറിയ ആ വലിയ കുടുംബം ആകെ കഷ്ടപ്പാടിലായി .. സാമ്പത്തിക പരാധീനതകൾ മൂലം സ്കൂൾ പഠനത്തിനൊപ്പം നഗരത്തിലെ ഒരു സ്റ്റൗ വിൽപ്പന കടയിൽ സഹായിയായി കോണോ സൂക്കേ തൻ്റെ ഒമ്പതാം വയസിൽ ജോലി ചെയ്യാനാരംഭിച്ചു.
സ്റ്റൗ വിൽപ്പന കടയിൽ ജോലി ചെയ്യവേ സമീപത്തുണ്ടായിരുന്ന സൈക്കിൾ കടക്കാരനുമായി പരിചയത്തിലായി. സാങ്കേതികമായി അൽപ്പ സ്വൽപ്പം താൽപ്പര്യമുണ്ടായിരുന്ന കോണോ സൂക്കേ അവിടെ റിപ്പയറിങ്ങിന് വരുന്ന സൈക്കിളുകളുടെ ഹെഡ് ലാമ്പ്, ഡൈനാമോ എന്നിവയുടെ റിപ്പയറിങ്ങ്‌ പണി ചെയ്തു തുടങ്ങി.
താമസിയാതെ സ്റ്റൗ കടയിലെ ജോലി ഉപേക്ഷിച്ച് സൈക്കിൾ കടയിലെ സ്ഥിരം പണിക്കാരനായി ചേർന്ന കോണോ സൂക്കേ 4 വർഷം അവിടെ ജോലി ചെയ്തു. പുതിയ സൈക്കിളുകളുടെ വിൽപ്പനയും, റിപ്പയറിങ്ങും നടത്തിയിരുന്ന ആ സൈക്കിൾ കടയിൽ ജോലിയിലിരിക്കെ ലേത്ത് വർക്കും, മറ്റ് ഇലക്ട്രിക്കൽ പണികളും കൊണോ സൂക്കേ കരഗതമാക്കി. സൈക്കിൾ കട ഉടമയുടെ പരിചയക്കാരനായ ഒസാക്ക ഇലക്ട്രിക് എന്ന ചെറുകിട കമ്പനിയുടെ ഉടമയ്ക്ക് ഈ പണിക്കാരനെ വളരെ ഇഷ്ടപ്പെട്ടു.അദ്ദേഹത്തിൻ്റെ ക്ഷണപ്രകാരം തൻ്റെ പതിമൂന്നാം വയസിൽ സൈക്കിൾകടയിലെ ജോലി വിട്ട് ഒസാക്ക ഇലക്ട്രിക്കിൽ ജോലിക്ക് ചേർന്നു. ഇലക്ട്രിക് ബൾബുകളുടെ ലാമ്പ് ഷേഡുകളും, ബൾബ്ഹോൾഡറുകളും നിർമ്മിക്കുന്ന ചെറുകിട യൂണിറ്റായിരുന്നു ഒസാക്ക ഇലക്ട്രിക്.
ഒമ്പതു വർഷം അവിടെ ജോലി ചെയ്ത കോണോ സൂക്കേ ജോലിക്കിടയിൽ തൻ്റെ കമ്പനി നിർമ്മിക്കുന്ന ഉപകരണങ്ങളുടെ പരമ്പരാഗത ഡിസൈനുകളിൽ മാറ്റം വരുത്തി സ്വന്തം ശൈലിയിൽ ഓരോന്ന് നിർമ്മിച്ച് നോക്കുമായിരുന്നു. കമ്പനി ഉടമയ്ക്ക് ഈ മാറ്റം വരുത്തിയ ഉൽപ്പന്നങ്ങളിൽ യാതൊരു താൽപ്പര്യവും തോന്നിയില്ല. അദ്ദേഹം കോണോ സൂക്കേയുടെ ഡിസൈനുകൾ നിഷ്കരുണം തള്ളിക്കളഞ്ഞു.
തൻ്റെ സർഗ്ഗശേഷിയിൽ വിശ്വാസമില്ലാത്ത കമ്പനിയിൽ തുടരാൻ താൽപ്പര്യം നശിച്ച കോണോ സൂക്കേ തൻ്റെ 22 ആം വയസിൽ ഒസാക്ക ഇലക്ട്രിക്കിലെ ജോലി ഉപേക്ഷിച്ചു.
ജോലിയിൽ നിന്ന് മിച്ചം പിടിച്ച 1000 യെന്നും ,ചെറിയ അളിയനോട് കടം വാങ്ങിച്ച മറ്റൊരു 1000 യെന്നും ചേർത്ത് 2000 യെൻ (ജാപ്പാനീസ് കറൻസി ) ഒപ്പിച്ച് തൻ്റെ 3 മുറി വാടക വീടിൻ്റെ ഒരു മുറിയിൽ തൻ്റെ 22 ആം വയസിൽ കുടുംബപ്പേരായ മത് സുഷിത എന്ന ബ്രാൻഡ് നെയിമിൽ ഒരു ഇലക്ട്രിക് ഉൽപ്പന്ന നിർമ്മാണ കമ്പനി ആരംഭിച്ചു.1917 ലാണ് ഇത്.
മുമിനോ മത് സുഷിതയെ തൻ്റെ 20 ആം വയസിൽ സൂക്കേ വിവാഹം കഴിച്ചു.കോണോ സൂക്കേയുടെ അളിയനെയും അദ്ദേഹത്തിൻ്റെ കമ്പനി പേര് പറഞ്ഞാൽ നിങ്ങളറിയും..സാനിയോ കമ്പനി സ്ഥാപകനായ തോഷിയോ ല്യൂ ആണ് കോണോ സൂക്കേയുടെ പ്രശസ്തനായ ആ അളിയൻ.! കോണോ സൂക്കേയാക്കാൾ 8 വയസ് കുറവായിരുന്നു ഈ ചെറിയ അളിയന്.. കോണോ സൂക്കേയുടെ ഭാര്യയായ മുമിനോയുടെ ഇളയ സഹോദരനായിരുന്നു തോഷിയോ ല്യൂ.അളിയൻ്റെ കഥ പീന്നീട് ഒരവസരത്തിലാവാം.
ഒറ്റ ഹോൾഡറിൽ രണ്ട് ബൾബുകൾ ഇടാവുന്ന ട്വിൻ ഹോൾഡറായിരുന്നു മത് സുഷിത ഇലക്ട്രിക്കിൻ്റെ ആദ്യഉൽപ്പന്നം.തൻ്റെ മുൻ ജോലി സ്ഥാപനമായ ഒസാക്ക ഇലക്ട്രിക് മുതലാളി മണ്ടത്തരമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ ഉൽപ്പന്നമായിരുന്നു. ഈ ട്വിൻ ഹോൾഡർ. നമ്മൾ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ബൾബ് ഹോൾഡറിൽ തിരിച്ച് കയറ്റി കണക്ഷൻ എടുക്കുന്ന കണക്റ്ററും കോണോ സൂക്കേയാണ് കണ്ട് പിടിച്ചത്.
വിപണിയിൽ വൻ സ്വീകാര്യതയാണ് ഈ ഉൽപ്പന്നങ്ങൾക്ക് ലഭിച്ചത്. അക്കാലയളവിൽ പ്രതിമാസം 5000 ത്തിൽ അധികം ട്വിൻ ബൾബ്ഹോൾഡറുകൾ നിർമ്മിക്കുകയും അവ ചൂടപ്പം പോലെ വിറ്റഴിയുകയും ചെയ്തിരുന്നു..ഇതിനായി 25 തൊഴിലാളികളെ ആദ്യ വർഷം തന്നെ നിയമിക്കേണ്ടി വന്നു.
സൈക്കിളുകളിൽ ഡൈനാമോ ഉപയോഗിച്ച് ഹെഡ് ലൈറ്റ് കത്തിക്കുമ്പോൾ സൈക്കിൾ ചവിട്ട് വളരെ ആയാസകരമാകും .. ഇതിനൊരു പോംവഴി എന്താണ് ?ബാറ്ററി ഉപയോഗിച്ച് ബൾബ് കത്തിച്ചാൽ സംഗതി ഓക്കെയാണ് പക്ഷേ അന്ന് സൈക്കിളിൽ ഉപയോഗിക്കാൻ പറ്റിയ ബാറ്ററികൾ വിപണിയിൽ ലഭ്യമായിരുന്നില്ല. ലഭിച്ചിരുന്നവ വളരെ വലുതും ചാർജ് വേഗം തീരുന്നതുമായിരുന്നു.
കോണോ സൂക്കേ യുടെ ഗവേഷണം ഈ വിഷയത്തിലേക്ക് തിരിഞ്ഞു. താമസിയാതെ പരീക്ഷണങ്ങൾ വിജയം കണ്ടു 45 മണിക്കൂറിലധികം പ്രകാശിക്കുന്ന ഡ്രൈസെൽ ബാറ്ററിയും, ഹെഡ് ലൈറ്റും നാഷണൽ എന്ന ബ്രാൻഡ് നെയിമിൽ 1923 ൽ മ ത് സുഷിത വിപണിയിലിറക്കി. അതും വൻ ജനപ്രീതി നേടി. പ്രതിമാസം ഒന്നര ലക്ഷം സൈക്കിൾ ലാമ്പ് സെറ്റുകളായിരുന്നു വിൽപ്പന !.
ഹോൾഡറുകളുടെ വിൽപ്പന നന്നായി നടന്നു വരവേയാണ് സൂക്കേ തൻ്റെ അടുത്ത ഉൽപ്പന്നമായ സൈക്കിൾ ഹെഡ് ലൈറ്റ് പുറത്തിറക്കിയത്. പരമ്പരാഗത ബാറ്ററി ഹെഡ് ലൈറ്റുകൾ മൂന്നും നാലും മണിക്കൂറുകൾ മാത്രം വെളിച്ചം തരുമ്പോൾ സൂക്കേയുടെ ഹെഡ് ലൈറ്റ് 45 മണിക്കൂറിലധികമാണ് പ്രകാശം പരത്തുന്നത്. എങ്കിലും ഹോൾസെയിൽ ഇലക്ട്രിക് ഡീലർമാർ സൂക്കേയുടെ നാഷണൽ ബ്രാൻഡിൽ പുറത്തിറങ്ങിയ ആദ്യ ഉൽപ്പന്നത്തോട് മുഖം തിരിച്ചു.
ഇതിൽ നിരാശനാകാതെ കോണോ സൂക്കേ തൻ്റെ നാഷണൽ കമ്പനി ആദ്യ ബാച്ചിൽ നിർമ്മിച്ച 5000 സൈക്കിൾ ഹെഡ് ലൈറ്റുകൾ ജപ്പാനിലുടനീളമുള്ള സൈക്കിൾ വ്യാപാരികൾക്ക് ഇടനിലക്കാരില്ലാതെ ഫ്രീ ആയി അയച്ച് നൽകി.കൂടെ ഒരു കത്തും… പ്രീയ വ്യാപാരി സുഹൃത്തേ ഇത് നാഷണൽ കമ്പനി നിർമ്മിക്കുന്ന 45 മണിക്കൂർ പ്രകാശം ഉറപ്പ് തരുന്ന ഹെഡ് ലൈറ്റാണ്.. ഉപയോഗിച്ച് നോക്കുക നല്ലതെങ്കിൽ കൂടുതൽ എണ്ണത്തിനായി കമ്പനിക്ക് നേരിട്ട് ഓർഡർ നൽകുക.
ഫ്രീ ആയി കിട്ടിയ ഹെഡ് ലൈറ്റിൻ്റെ ഗുണദോഷങ്ങൾ വിൽപ്പനക്കാർക്ക് വേഗം പിടി കിട്ടി. കമ്പനിയിൽ ഓർഡറുകൾ കുമിഞ്ഞ് കൂടി .
1929ൽ ജപ്പാനെ ഗ്രസിച്ച സാമ്പത്തിക മാന്ദ്യം മൂലം കമ്പനികൾ വൻതോതിൽ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുകയും, ജീവനക്കാരെ പിരിച്ച് വിടാനും ആരംഭിച്ചു.ദാരിദ്യത്തിൻ്റെ ആഴം അറിഞ്ഞിട്ടുള്ള കോണോ സൂക്കേ തൻ്റെ കമ്പനിയിലെ ഒരു ജീവനക്കാരനെയും പിരിച്ച് വിട്ടില്ല. പകരം ജോലി ഉച്ചവരെയാക്കി എന്നാൽ മുഴുവൻ ശമ്പളവും നൽകി, ഉച്ചക്ക് ശേഷം കമ്പനി ജീവനക്കാരെ പുതിയ ഒരു ദൗത്യം ഏൽപ്പിച്ചു.
നഗരത്തിലേക്കിറങ്ങുക തങ്ങളുടെ കമ്പനിയുടെ ഉൽപ്പന്നങ്ങളായ ലൈറ്റ് ഹോൾഡറും, സൈക്കിൾ ഹെഡ് ലൈറ്റുമെല്ലാം വാങ്ങിയ ഉപഭോക്താക്കളെ കാണുക.വെറുതെ വിശേഷങ്ങൾ ചോദിക്കുക. സൗഹൃദ സംഭാഷണങ്ങൾ നടത്തുക.
ഈ പരിപാടി വൻഹിറ്റായി. എല്ലാ കമ്പനികളും പ്രൊഡക്ഷൻ കുറയ്ക്കുമ്പോൾ മത് സുഷിതയുടെ വിൽപ്പന കുതിച്ചുയർന്നു. വിഷമഘട്ടത്തിൽ തങ്ങളുടെ പ്രശ്നങ്ങൾ ചോദിച്ചറിയുന്ന കമ്പനിയുടെ ഉൽപ്പന്നങ്ങളുടെ പ്രചാരണം പൊതുജനങ്ങൾ സ്വമേധയാ ഏറ്റെടുത്തു.!.
സാമ്പത്തിക മാന്ദ്യത്തിന് അയവ് വന്നതോടെ നാഷണൽ ബ്രാൻഡിൽ കൂടുതൽ ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ സൂക്കേ തീരുമാനിച്ചു. വൃത്തിയുടെ കാര്യത്തിലും, നല്ല വസ്ത്രങ്ങൾ ധരിക്കുന്നതിലും യാഥാസ്ഥിതിക മനോഭാവക്കാരാണ് ജപ്പാൻകാരെല്ലാം. തേച്ച് വടിവൊത്ത വസ്ത്രങ്ങളുമായേ അവർ പുറത്തിറങ്ങൂ.കൽക്കരി, ചാർക്കോൾ എന്നിവയെല്ലാം ഉപയോഗിക്കുന്ന കരിപുരണ്ട തേപ്പ് പെട്ടികളാണ് അക്കാലത്ത് വ്യാപകം. കറണ്ടിൽ പ്രവർത്തിക്കുന്ന ഇസ്തിരി പെട്ടികൾക്ക് വലിയ വിലയും.
ഇതിൽ ഒരവസരം മണത്ത ക്രാന്തദർശിയായ കോണോ സൂക്കേ തൻ്റെ നാഷണൽ കമ്പനിയുടെ അടുത്ത ഉൽപ്പന്നമായി തേപ്പ് പെട്ടി തിരഞ്ഞെടുത്തു. പക്ഷേ അന്ന് വിപണിയിലുള്ള വൈദ്യുതി തേപ്പ് പെട്ടികളിൽ ഏറ്റവും വിലകുറഞ്ഞതിന് 10 യെൻ ആണ് വില.ഒരു സാധാരണക്കാരൻ്റെ ഒരാഴ്ച ജോലി ചെയ്താലേ 10 യെൻ ലഭിക്കൂ.
ഈ വില എങ്ങനെ കുറയ്ക്കാം? കോണോ സൂക്കേ ചിന്തിച്ചു. ഇലക്ട്രിക് അയേൺ നിർമ്മിക്കാനാവശ്യമായ ഏറ്റവും വില കൂടിയ അസംസ്കൃത വസ്തു അതിൻ്റെ ഘനമേറിയ ബേസ് പ്ലേറ്റാണ്.. അതിൻ്റെ നിർമ്മാതാക്കളെ കണ്ട് വിലകൾ തിരക്കി.5000 എണ്ണം വാങ്ങിയാൽ ഒരെണ്ണം ഒരു യെന്നിന് തരാം 10000 എണ്ണം വാങ്ങിയാൽ വീണ്ടും വില കുറയും.. ഈ വിലപേശൽ വിദ്യ എല്ലാ സ്പെയർ നിർമ്മാതാക്കളുടെ മുന്നിലും കോണോ സൂക്കേ പ്രയോഗിച്ചു. വലിയ ക്വാണ്ടിറ്റിയിൽ വാങ്ങിയാൽ വൻതോതിൽ വില കുറയുമെന്ന് മനസിലാക്കി.
റിസ്ക്കെടുക്കാൻ യാതൊരു മടിയുമില്ലാത്ത കോണോ സൂക്കേ രണ്ടും കൽപ്പിച്ച് തുനിഞ്ഞിറങ്ങി.ഒരു ലക്ഷം വൈദ്യുത തേപ്പ് പെട്ടികൾ നിർമ്മിക്കാനാവശ്യമായ സ്പെയറുകൾക്ക് ഓർഡർ നൽകി അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യുന്ന കമ്പനികളെ ഞെട്ടിച്ചു.അവർ ഏറ്റവും കുറഞ്ഞ വിലയിൽ നാഷണൽ കമ്പനിക്ക് സാമഗ്രികൾ എത്തിച്ചു നൽകി.
അടുത്തതായി ഉപഭോക്താക്കൾക്ക് ഞെട്ടാനുള്ള അവസരമായിരുന്നു. വെറും മൂന്നരയെന്നിന് നാഷണലിൻ്റെ തേപ്പ് പെട്ടികൾ പുറത്തിറങ്ങി.പൊതു ജനങ്ങൾ സ്റ്റോക്ക് തീരുന്നതിന് മുൻപ് അവ സ്വന്തമാക്കാൻ തിരക്ക് കൂട്ടി.. ആദ്യമാസം തന്നെ ഒരു ലക്ഷം തേപ്പ് പെട്ടികളും വിറ്റഴിഞ്ഞു!. പിന്നീട് പ്രതിമാസം ഒന്നര ലക്ഷം തേപ്പ് പെട്ടികളായി നാഷണലിൻ്റെ പ്രൊഡക്ഷൻ!
കമ്പനിയുടെ വളർച്ച ക്രമമായി പുരോഗതി പ്രാപിച്ചു. ഫാക്ടറികളുടെ എണ്ണം കൂടി വന്നു. വൃത്തിയുടെ കാര്യത്തിൽ ജപ്പാൻകാരുടെ ചിട്ട അറിയാവുന്ന സൂക്കേ തേപ്പ് പെട്ടിയുടെ വൻ വിജയത്തിന് ശേഷം വാഷിങ്ങ് മെഷീൻ നിർമ്മാണത്തിലേക്ക് കടന്നു.
വാഷിങ്ങ് മെഷീനിൻ്റെ പ്രധാന ഭാഗമായ ഇലക്ട്രിക് മോട്ടോർ അന്ന് റിലയബിൾ അല്ലായിരുന്നു. വെള്ളത്തിൻ്റെയും സോപ്പിൻ്റെയും സദാ സാന്നിദ്ധ്യം മൂലം മോട്ടോർ അടിക്കടി കേടാകും.ഇത് പരിഹരിക്കാനായി ഒരു നല്ല മോട്ടോർ തിരക്കി സൂക്കേ അലഞ്ഞു.
സാധനം കിട്ടിയില്ല അന്നത്തെ പ്രമുഖ മോട്ടോർ നിർമ്മാതാക്കൾ ഒന്നും വാഷിങ്ങ് മെഷീന് മാത്രമായി ഒരു മോട്ടോർ നിർമ്മിച്ചിരുന്നില്ല. കുറേ ക്ലാമ്പുകളും ഫിറ്റിങ്ങുകളും വച്ച് ഏതെങ്കിലുമൊരു മോട്ടോർ ഒരു തകരപ്പെട്ടിയിൽ ഉറപ്പിച്ച് മാർക്കറ്റിൽ ഇറക്കും..അധികം ചോയ്സ് ഇല്ലാത്ത നാട്ടുകാർ അവയെല്ലാം വാങ്ങിക്കൂട്ടും. മെക്കാനിക്ക്കൾക്ക് വൻ തൊഴിലവസരങ്ങൾ ലഭ്യമാകും.
നല്ല മോട്ടോർ വാങ്ങാൻ കിട്ടില്ല എന്ന് മനസിലാക്കിയ കോണോ സൂക്കേ സ്വന്തമായി വാഷിങ് മെഷീന് പറ്റിയ ഒരു സീൽഡ് മോട്ടോർ സ്വന്തം കമ്പനിയിൽ ഡവലപ്പ് ചെയ്തെടുത്തു.ഈ മോട്ടോറുകൾ ഉപയോഗിച്ച് പുറത്തിറക്കിയ നാഷണൽ ബ്രാൻഡ് മെഷീനുകൾ വിപണിയിൽ ചൂടപ്പമായി.1933 ൽ ജപ്പാനിലെ കഡോമ സിറ്റിയിലാണ് നാഷണൽ മോട്ടോർ പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചത്.
1930 കളോടെ മത് സുഷിത ഇലക്ട്രിക് കമ്പനി ഇലക്ട്രോണിക് ഉൽപ്പന്ന നിർമ്മാണത്തിലേക്ക് കാൽ വച്ചിരുന്നു..ആദ്യ ഉൽപ്പന്നമായി വാൽവ് റേഡിയോകളുടെ നിർമ്മാണം ആരംഭിച്ചു. നാഷണൽ എന്ന ബ്രാൻഡ് നെയിമിലായിരുന്നു റേഡിയോകളും പുറത്തിറക്കിയത്.
അങ്ങനെ കമ്പനി നവീന ഉൽപ്പന്നങ്ങൾ തുടർച്ചയായി പുറത്തിറക്കി ജപ്പാനിലെ വൻകിട ബ്രാൻഡുകളിൽ പ്രഥമസ്ഥാനത്തേക്ക് കുതിച്ചു കൊണ്ടിരുന്നു.
നാഷണൽ എന്ന ഹിറ്റായ ബ്രാൻഡ് പേര് ഉപേക്ഷിച്ച് പാനാസോണിക് എന്ന വാക്കിലേക്ക് എത്തിച്ചേരാനുള്ള കാരണം രസകരമാണ്.…
ജപ്പാനിൽ പ്രശസ്തമായതോടെ ഗുണമേൻമയും ,താരതമ്യേന വില കുറവുമുള്ള നാഷണൽ ബ്രാൻഡ് ഉൽപ്പന്നങ്ങൾ അമേരിക്കയിലും മറ്റ് പാശ്ചാത്യ രാജ്യക്കളിലും മാർക്കറ്റ് ചെയ്യുന്നതിനായി ഡീലർമാർ സമീപിച്ച് തുടങ്ങി.
നാഷണൽ ബ്രാൻഡിൻ്റെ വളർച്ചയിൽ അസൂയ പൂണ്ട ചിലർ മത് സുഷിത നാഷണൽ എന്ന പേരിൽ റേഡിയോകൾ അമേരിക്കയിൽഇറക്കാൻ പോകുന്നുവെന്നറിഞ്ഞ് ഒരു പാര പണിതു.
അന്ന് അമേരിക്കയിൽ നാഷണൽ എന്ന പേരിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമ്മിക്കുന്ന ഒരു കമ്പനി നിലവിലുണ്ടായിരുന്നു. അവരെ കുത്തിപ്പൊക്കി കൊണ്ട് വന്ന ഈ പാര പണിക്കാർ മത് സുഷിതയ്ക്ക് നാഷണൽ എന്ന പേരിൽ ഇലക്ട്രോണിക്സ് ഉൽപ്പന്ന നിർമ്മാണ ബ്രാൻഡ് പേര് നൽകുന്നതിനെതിരേ ട്രേഡ് മാർക്ക് രജിസ്ട്രാറുടെ മുന്നിൽ തടസവാദം ഉന്നയിച്ചു.. ഇതിനാൽ നാഷണൽ എന്ന പേര് ലഭിക്കാതെ വന്നു. നിരാശനാകാതെ കോണോ സൂക്കേ തൻ്റെ സ്പീക്കർ നിർമ്മാണ ബ്രാൻഡിൻ്റെ പേരായ പാനാസോണിക് ബ്രാൻഡ് 1950ൽ അമേരിക്കയിൽ രജിസ്റ്റർ ചെയ്തു. പാനാ എന്നാൽ എല്ലാത്തിൻ്റെയും സോണിക് എന്നാൽ ശബ്ദം എന്നുമാണ് വിവക്ഷ.
വിശ്വാസ്യതയ്ക്കും, ഗുണമേന്മയ്ക്കും പേര് കേട്ട നാഷണൽ എന്ന പേര് ഉപേക്ഷിച്ച് പാനാസോണിക് എന്ന ആരും കേട്ടിട്ടില്ലാത്ത പേരിൽ വിപണിയിലെത്തിയാൽ റേഡിയോയുടെ വിൽപ്പനയ്ക്കായി ബ്രാൻഡ് എസ്റ്റാബ്ലിഷ് ചെയ്യുന്നതിന് വേണ്ടി പരസ്യങ്ങൾക്കായി കൂടുതൽ തുക മുടക്കേണ്ടി വരുമെന്ന് വിപണി നന്നായി പഠിച്ച കോണോ സൂക്കിക്ക് അറിയാമായിരുന്നു.
അതിനാൽ പാനാസോണിക് ബൈ നാഷണൽ എന്നായിരുന്നു ആദ്യ പരസ്യങ്ങളിലും, ബ്രോഷറുകളിലും കാണിച്ചിരുന്നത്. പ്രൊഡക്റ്റുകളിൽ പാനാസോണിക് എന്ന് മാത്രവും.എന്തിലും തലതിരിവ് കാണിക്കുന്ന അമേരിക്കക്കാർ ഇതിനെ നാഷണൽ പാനാസോണിക്ക് എന്ന് വായിച്ചു.വില കുറവിലും, ഗുണമേൻമയിലും മുൻപനായ നാഷണൽ കമ്പനി ബ്രാൻഡ് …. നാഷണൽ പാനാസോണിക്ക് എന്ന പേരിൽ ഇതോടെ ലോക പ്രശസ്തമായി.
ഈ പേര് മാറ്റം കോണേ സൂക്കേയ്ക്കും ഇഷ്ടപ്പെട്ടു.. ഇനി മുതൽ നാഷണൽ പാനാസോണിക് എന്ന ബ്രാൻഡിലും ഉൽപ്പന്നങ്ങൾ നിർമ്മിക്കാമെന്ന് അദ്ദേഹം തീരുമാനിച്ചു.
1947 ൽ ട്രാൻസിസ്റ്ററുകളുടെ കണ്ട് പിടുത്തത്തോടെ ഇലക്ട്രോണിക്സ് ലോകം വാക്വം ട്യൂബുകളിൽ നിന്നും ട്രാൻസിസ്റ്ററുകളിലേക്ക് വളരെ വേഗം മാറി.ടെക്നോളജി നേരായ മാർഗ്ഗത്തിൽ ലഭ്യമല്ലാത്തതിനാൽ ജപ്പാന് പുറത്ത് നാഷണൽ പാനാസോണിക് ഇക്ട്രോണിക്സ് വിപണിയിൽ കാര്യമായ ഇടപെടൽ സാദ്ധ്യമായിരുന്നില്ല.
ഇതിന് ഒരു പരിഹാരമായി വൻകിട വിദേശ ബ്രാൻഡുകളെ ടെക്നോളജി ട്രാൻസ്ഫറിനായി സമീപിച്ചെങ്കിലും എല്ലാവരും കോണോ സൂക്കേയെ അവഗണിച്ചു.നാഷണലിന് ടെക്നോളജി നൽകുന്നത് സ്വന്തം കഞ്ഞിയിൽ മണ്ണ് വാരിയിടുന്നതിന് തുല്യമാണെന്ന് അവർക്കറിയാമായിരുന്നു. അവസാനം നെതർലാൻ്റ് ഫിലിപ്സ് കമ്പനി നാഷണലിന് ടെക്നോളജി ട്രാൻസ്ഫർ ചെയ്യാമെന്ന് സമ്മതിച്ചു. കഴുത്തറപ്പൻ ഷൈലോക്ക് വ്യവസ്ഥകളാണ് ഇതിനായി ഫിലിപ്സ് മുന്നോട്ട് വച്ചത്.തങ്ങളുടെ ടെക്നോളജി പ്രകാരം നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ വിൽപ്പന ലാഭത്തിൻ്റെ 50 ശതമാനം ഫിലിപ്സിന് നൽകണം.
കമ്പനി മാനേജ്മെൻ്റിലെ എല്ലാവരും എതിർത്തിട്ടും കമ്പനി ചെയർമാനായ കോണോ സൂക്കേ മത് സുഷിത ആ റിസ്ക്ക് ഏറ്റെടുത്തു.1952ൽ നെതർലാണ്ട് ഫിലിപ്സുമായി നാഷണൽ കമ്പനി ടെക്നോളജി ട്രാൻസ്ഫർ കരാറിൽ ഒപ്പിട്ടു.തൻമൂലം ലോകത്തിലാദ്യമായി ഫിലിപ്സ് ലബോറട്ടറീസ് കണ്ടെത്തിയ നവീന ഉൽപ്പന്നങ്ങളുടെ ടെക്നോളജികൾ നാഷണലിനും കിട്ടിക്കൊണ്ടിരുന്നു.
1953 ൽ ലോകത്തിലെ ആദ്യ ചതുരാകൃതിയിലുള്ള പിക്ചർ ട്യൂബ് ഉപയോഗിക്കുന്ന പോർട്ടബിൾ ടെലിവിഷനുകൾ നാഷണൽ പുറത്തിറക്കി അതുവരെ വൃത്താകൃതിയിലായിരുന്നു ടെലിവിഷൻ സ്ക്രീനുകൾ! .കൂടാതെ കോംപാക്റ്റ് കാസറ്റ് പ്ലയറുകളുടെ ടെക്നോളജി നാഷണലിനും കിട്ടി. അങ്ങനെ ഫിലിപ്സ് കാസറ്റ് പ്ലയറുകളുമായി രംഗത്തിറങ്ങിയതിനൊപ്പം നാഷണൽ പാനാസോണിക്കും വിപണിയിലെത്തി.
ലോകത്തിലെ ആദ്യ റേഡിയോയും ടേപ്പ് റിക്കാർഡറും ഒന്നിച്ചുള്ള ടു ഇൻ വണ്ണുകൾ പുറത്തിറക്കി ഫിലിപ്സിനെയും നാഷണൽ ഞെട്ടിച്ചു.
നാഷണൽ എന്ന പേരിൽ ഇലക്ട്രിക് ഉപകരണങ്ങളും, നാഷണൽ പാനാസോണിക് എന്ന പേരിൽ ഓഡിയോ ഇലക്ട്രോണിക്സ് ഉപകരണങ്ങളും, പാനാസോണിക് എന്ന പേരിൽ ബാറ്ററി അടക്കമുള്ള ചില ഉൽപ്പന്നങ്ങളും ആദ്യകാലങ്ങളിൽ തീരുമാനിച്ചിരുന്നുവെങ്കിലും, 600 ലധികം സബ്സിഡിയറി കമ്പനികളിലായി 25000 ത്തിൽ അധികം പ്രൊഡക്റ്റുകൾ നിർമ്മിച്ചിരുന്ന മത്സുഷിത ഇലക്ട്രിക്കിൻ്റെ ലോകവ്യാപകമായ കമ്പനികളുടെ മാനേജ്മെൻ്റുകൾ തങ്ങളുടെ ഉൽപ്പന്നങ്ങളിൽ നാഷണൽ എന്നും പാനാസോണിക് എന്നും നാഷണൽ പാനാസോണിക് എന്നും തരം പോലെ ഉപയോഗിച്ച് പോന്നു.പ്രൊഡക്റ്റ് ലേബലിൽ സൂക്ഷിച്ച് നോക്കിയാൽ മത് സുഷിത ഇലക്ട്രിക് കോർപ്പറേഷൻ എന്ന പാരൻ്റ് കമ്പനി ലേബൽ കാണാമായിരുന്നു എന്ന് മാത്രം.
ഇതിനൊരു മാറ്റം വന്നത് 2008ൽ പാരൻ്റ് കമ്പനി പേര് മത്സുഷിത ഇലക്ട്രിക് എന്നതിൽ നിന്ന് പാനാസോണിക് ഹോൾഡിങ്ങ് കോർപ്പറേഷൻ എന്ന് ലോക വ്യാപകമായി മാറ്റിയതോടെയാണ്.
നാഷണൽ പാനാസോണിക് അല്ലാതെയും മത്സുഷിത കമ്പനിക്ക് ലോകപ്രശസ്ത ബ്രാൻഡുകൾ പലതുണ്ട്. ഹൈ എൻഡ് ഓഡിയോ ബ്രാൻഡായ ടെക് നിക് സ് ,വീഡിയോ രംഗത്തെ അഗ്രഗണ്യരായിരുന്ന ജെ വീ സീ, ക്വാസർ, ലോക പ്രശസ്തമായ സാനിയോ ,സുമിടോമോ എന്നിങ്ങനെ അവ നീണ്ട് പരന്ന് കിടക്കുന്നു.
നാഷണലുമായി ഫിലിപ്സ് VCR ടെക്നോളജി പങ്കിടുന്നതിനെ അവരുടെ മറ്റൊരു പങ്കാളിയായ സോണിനഖശിഖാന്തം എതിർത്തപ്പോൾ ജെ വീ സീയെ രംഗത്ത് അവതരിപ്പിച്ച് ആ ടെക്നോളജി കൈവശപ്പെടുത്താൻ കോണോ സൂക്കേ മത് സുഷിതയുടെ ബുദ്ധി പ്രവർത്തിച്ചു.
ടെസ്ലയുമായി ചേർന്ന് വൈദ്യുതി വാഹനങ്ങൾക്കുള്ള ബാറ്ററികൾ നിർമ്മിക്കുന്നതിൽ ലോകത്തിലെ ഒന്നാം നമ്പർ കമ്പനിയാണ് പാനാസോണിക്.
ഭാരതത്തിലും പാനാസോണിക് ബ്രാൻഡിൻ്റെ സജീവ ഇടപെടലുണ്ട്. ഇന്ത്യൻ ഇലക്ട്രിക് ബ്രാൻഡായ ആങ്കർ പാനാസോണിക് ഉടമസ്ഥതയിലുള്ള കമ്പനികളിൽ ഒന്നാണ്.
ലോക പ്രശസ്തമായ ഈ കമ്പനികളുടെ സ്ഥാപകനും, ചെയർമാനുമായിരുന്ന കോണേ സൂക്കേ മത് സുഷിത തൻ്റെ 95 ആം വയസിൽ 1989 ഏപ്രിൽ 27 ന് അന്തരിച്ചു. അദ്ദേഹം മുന്നോട്ട് വച്ച പുരോഗമന ആശയങ്ങളുമായി പാനാസോണിക് ഇരുപത്തിരണ്ടാം നൂറ്റാണ്ടിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്നു.
നാഷണൽ പാനാസോണിക് എന്ന ബ്രാൻഡ് നെയിമിൻ്റെ പിന്നിലെ കഥ ചുരുക്കമായി പറയാനാണ് ഇവിടെ ശ്രമിച്ചത്.. ഒട്ടനവധി കാര്യങ്ങൾ വിട്ട് കളഞ്ഞിട്ടും ഇത് വളരെ ദീർഘമായിപ്പോയി.. എല്ലാ വായനക്കാർക്കും ഓണാശംസകൾ ' എഴുതിയത് #അജിത്കളമശേരി,#Ajith_kalamassesy,

Wednesday, August 3, 2022

 

 ഇലക്ട്രിക് സ്കൂട്ടറുകളുടെ വിൽപ്പന ഗ്രാഫ് കുതിയ്ക്കുകയാണ്.
2022 ജൂലൈ മാസത്തിൽ ഇന്ത്യയിൽ വിറ്റ വൈദ്യുതിയിൽ ഓടുന്ന ഇരുചക്രവാഹനങ്ങളുടെ കണക്കുകൾ അതാണ് സൂചിപ്പിക്കുന്നത്.

ഒന്നാം സ്ഥാനം വില താരതമ്യേന  കുറവും, വിൽപ്പനനന്തര സേവനങ്ങളും കണക്കിലെടുത്ത് ഹീറോ ഇലക്ട്രിക്ക് കരസ്ഥമാക്കി.

നാലാം സ്ഥാനത്ത് TVS അടിച്ച് കയറുകയാണ്.

ആറാം സ്ഥാനം ബജാജ് ഇവർ മൂവരും പെട്രോൾ   ഇരുചക്രവാഹനങ്ങളുടെ നിർമ്മാണത്തിലും മുൻനിരക്കാരാണ്.  നാളെയുടെ വാഹനങ്ങളായ ഇലക്ട്രിക് വാഹന വിപണിയിലേക്കും ഇവർ കാലെടുത്തു വച്ചിരിക്കുന്നത് മൂലം , വൈദ്യുതി വാഹനങ്ങൾ  വാങ്ങാൻ മടിച്ച് നിൽക്കുന്നവരും ധാരാളമായി വൈദ്യുതിയിൽ ഓടുന്ന ഇരുചക്രവാഹനങ്ങൾ വാങ്ങുമെന്ന് വിപണിയിലെ നീക്കങ്ങൾ സസൂക്ഷ്മം വീക്ഷിക്കുന്ന വാഹന വിദഗ്ദർ അഭിപ്രായപ്പെടുന്നു. ജൂലൈ മാസത്തിലെ ഇലക്ട്രിക് ബൈക്ക് വിൽപ്പന കണക്കുകൾ വിവിധ സോഴ്സുകളിൽ നിന്ന് സമാഹരിച്ചത്,അജിത് കളമശേരി.#Ajith_kalamassery,#ebike,
ഇലക്ട്രിക് സ്കൂട്ടറുകളുടെ വിൽപ്പന ഗ്രാഫ് കുതിയ്ക്കുകയാണ്.
2022 ജൂലൈ മാസത്തിൽ ഇന്ത്യയിൽ വിറ്റ വൈദ്യുതിയിൽ ഓടുന്ന ഇരുചക്രവാഹനങ്ങളുടെ കണക്കുകൾ അതാണ് സൂചിപ്പിക്കുന്നത്.

ഒന്നാം സ്ഥാനം വില താരതമ്യേന  കുറവും, വിൽപ്പനനന്തര സേവനങ്ങളും കണക്കിലെടുത്ത് ഹീറോ ഇലക്ട്രിക്ക് കരസ്ഥമാക്കി.

നാലാം സ്ഥാനത്ത് TVS അടിച്ച് കയറുകയാണ്.

ആറാം സ്ഥാനം ബജാജ് ഇവർ മൂവരും പെട്രോൾ   ഇരുചക്രവാഹനങ്ങളുടെ നിർമ്മാണത്തിലും മുൻനിരക്കാരാണ്.  നാളെയുടെ വാഹനങ്ങളായ ഇലക്ട്രിക് വാഹന വിപണിയിലേക്കും ഇവർ കാലെടുത്തു വച്ചിരിക്കുന്നത് മൂലം , വൈദ്യുതി വാഹനങ്ങൾ  വാങ്ങാൻ മടിച്ച് നിൽക്കുന്നവരും ധാരാളമായി വൈദ്യുതിയിൽ ഓടുന്ന ഇരുചക്രവാഹനങ്ങൾ വാങ്ങുമെന്ന് വിപണിയിലെ നീക്കങ്ങൾ സസൂക്ഷ്മം വീക്ഷിക്കുന്ന വാഹന വിദഗ്ദർ അഭിപ്രായപ്പെടുന്നു.


ഇലക്ട്രിക് വാഹന വിപണിയുടെ വൻ വളർച്ച ഇലക്ടോണിക്സ് ടെക്നീഷ്യൻമാരുടെ ജോലി സാദ്ധ്യതയും വൻതോതിൽ വർദ്ധിപ്പിക്കും. നമ്മുടെ നാട്ടിലെ വൈദ്യുതിയുടെ ഗുണമേൻമക്കുറവ് മൂലം  കൂടെക്കൂടെ തകരാറിലാകുന്ന ഇലക്ട്രിക് വണ്ടികളുടെ ചാർജർ റിപ്പയറിങ്ങ്.3 ഫേസ്  മോട്ടോർ കൺട്രോളർ, ഒരു മിനിയേച്ചർ  സ്മാർട്ട് TV പോലുള്ള ഡിസ്പ്ലേ ഇവയിലെല്ലാം ഇലക്ട്രോണിക്സ് ടെക്നീഷ്യൻമാർ ഇനി കൈ വയ്ക്കേണ്ടി വരും.

  ജൂലൈ മാസത്തിലെ ഇലക്ട്രിക് ബൈക്ക് വിൽപ്പന കണക്കുകൾ വിവിധ സോഴ്സുകളിൽ നിന്ന് സമാഹരിച്ചത്,അജിത് കളമശേരി.#Ajith_kalamassery,#ebike,